താഴിശ്ശേരി ഭഗവതി ക്ഷേത്രം (ചുള്ളിയിൽ അമ്പലം) | ✍🏻#അലി മാണിക്കത്ത്
- അലി മാണിക്കത്ത്

- Mar 14
- 1 min read

താഴിശ്ശേരി ഭഗവതി ക്ഷേത്രം, സുനേന നഗറില് നിന്ന് പാലേമാവ് ജുമാ മസ്ജിദിലേക്കുള്ള വഴി മദ്ധ്യേ, ചുള്ളിയിൽ പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്..!
അഞ്ഞൂറിലേറെ വർഷക്കാലം പഴക്കമുണ്ട് പ്രശസ്തമായ ഈ കുടുംബ ക്ഷേത്രത്തിന്...!
ഐതിഹ്യവും മഹാത്മ്യവും കുറെയേറെയുണ്ട്..!
അമ്പലത്തിലെ പ്രതിഷ്ഠകളായ ഭദ്രകാളി സ്വരൂപമായ ഭഗവതി, മുത്തപ്പൻ, ഹനുമാൻസ്വാമി, നാഗങ്ങൾ...അതുപോലെ മറ്റു പല സ്വരൂപങ്ങളുടെ സാന്നിധ്യവും അവിടെയുണ്ട്...!
നൂറ്റാണ്ടുകൾക്ക് മുൻപ് മുത്തപ്പൻ കല്ലികോട് നിന്നും ഭഗവതിയെ സേവ ചെയ്തു സംതൃപ്തയാക്കി..!
തുടർന്ന് വീടിനോട് ചേർന്ന് ഒരു തറ കെട്ടി കുടിയിരുത്തി ആരാധിച്ചു തുടങ്ങി എന്നാണ് ഐതിഹ്യം..!
മുത്തപ്പന്റെ വലതുഭാഗത്തായി ഹനുമാൻ സ്വാമിയുടെ പ്രതിതിഷ്ഠയുമുണ്ട്.
വർഷങ്ങൾക്ക് മുൻപ് താഴിശ്ശേരി കാരണവർക്ക് ഒരു ഉണ്ണി പിറന്നു.
അസാധാരണ ബുദ്ധിസാമർത്ഥ്യം കാണിച്ച ഉണ്ണി പറങ്ങോടൻ ചെറാഴി നാല്പതീരടി എഴുത്തും പയറ്റും മന്ത്രവാദവും അഭ്യസിച്ചു...
പിന്നീട് പ്രപഞ്ച ശക്തികളെ തന്നിലേക്കാവാഹിച്ച് ഉത്തമപുരുഷനായിത്തീർന്ന ഉണ്ണി, പറങ്ങോടൻ തറവാടിന്റെയും ഒപ്പം ദേശത്തിന്റെയും മുത്തപ്പനായി മാറി..!
ഇതാണ് ചുള്ളിയിൽ അമ്പലത്തിന്റെ ചരിത്രത്തിന്റെ രത്നച്ചുരുക്കം..!
എല്ലാ വർഷവും കൊണ്ടാടുന്ന ഉത്സവം വളരെ ഘോഷമായാണ് നടത്തിവരുന്നത്...
ഭഗവതിക്കെത്തുന്ന വെളിച്ചപ്പാടായി ഉല്ലാസും, മുത്തപ്പനായി മനോജും, ഹനുമാനായി ജയനും പകർന്നാടുമ്പോൾ ഉത്സവത്തിന്റെ പകിട്ട് ഇരട്ടിയാകുന്നു... വർണ്ണപ്പകിട്ടുകളാൽ പമ്പരമാടുന്ന പൂക്കാവടികളും, മേളവും എന്നും മനസ്സിൽ ഓർമ്മയിലെ ഉത്സവങ്ങളിൽ നിറയുന്നു...
പൂരമെഴുന്നള്ളിപ്പ് പാലേമാവ് പള്ളിപ്പരിസരത്തെത്തുമ്പോഴും ബാങ്ക് വിളിക്കുമ്പോഴും നിശ്ശബ്ദമാകുന്ന ആ മേളങ്ങളിൽ നാടിന്റെ മതസൗഹാർദ്ദവും പ്രകടമായിക്കാണാറുണ്ട്...!
രാത്രി നാടകത്തോടെ വിരാമം കുറിക്കുന്ന ആഘോഷ പരിപാടികൾക്ക് ശേഷം, പുലർച്ചെ വഴിപാടായി വന്ന അഞ്ഞൂറിൽപരം പൂവൻ പഴക്കുലകൾ വിശ്വാസികൾക്ക് പ്രസാദമായി നൽകുന്നതോടെ ഉത്സവച്ചടങ്ങുകൾക്ക് സമാപനമാവുകയായി..!
വിവരങ്ങൾക്ക് കടപ്പാട്:
ഗിരീഷ് താഴിശ്ശേരി


Comments