top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

തൊഴിയൂർ സഭ | ✍🏻#അലി മാണിക്കത്ത്‌

Updated: Mar 15


തൊഴിയൂർ പള്ളിസ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം..!

സ്നേഹിതൻ യൂസഫിനൊപ്പം നടന്നാണ് യാത്ര..!

ഒരു ദിവസം, ഹൈസ്‌കൂളും കഴിഞ്ഞ്‌, തൊഴിയൂർ ക്രിസ്ത്യൻ പള്ളി വക സെമിത്തേരിയോട്‌ ചേർന്നുള്ള ഗ്രൗണ്ട്  എത്തിയപ്പോഴാണ്‌, ‌ആരോ അവന് പറഞ്ഞു കൊടുത്ത ഭീതിപ്പെടുത്തുന്ന ആ കാര്യം എന്നോട്‌ പറഞ്ഞത്‌..!


"ദേ..ആ കാണുന്ന പുളി മരത്തിലാണ് ചെകുത്താനെ ആണിയടിച്ചു കയറ്റുന്നത്..!


“ബാധ കൂടുന്ന ആളുകളെ കൊണ്ട് വന്ന്, തല പുളിമരത്തോട് ചേർത്ത്‌ വെച്ച്‌ മുടിയിൽ ആണി വെച്ച്‌ വല്ല്യ ചുറ്റിക കൊണ്ട്‌ മരത്തിലേക്ക്‌ അടിച്ചു കയറ്റും..!!

പുളിമരത്തിൽ തറക്കുന്ന മുടിയോടൊപ്പം പിശാചും ആണിയിൽ കുരുങ്ങിയിരിക്കും....അപ്പൊ ബാധ കൂടിയ ആൾ തല കറങ്ങി വീഴും..!


ആരെങ്കിലും പിന്നെ ആ ആണി ഊരിയെടുത്താൽ ചെകുത്താൻ പിന്നെ‌ അവരുടെ മേൽ കയറും..."


പലരിൽ നിന്നായി കേട്ടറിഞ്ഞ ഈ വക സംഭവങ്ങൾക്ക്‌ മൂക സാക്ഷിയായി, മുടിയോടൊപ്പം തറച്ച ആണികൾ ഇന്നും ആ പുളിമരത്തിലുണ്ടത്രേ..!!


തൊഴിയൂർ ഹൈസ്‌കൂളിലും പള്ളിസ്കൂളിലും പഠിച്ച ഒരുവിധം എല്ലാവരും ഈ കഥയുടെ പല വേർഷനുകൾ കേട്ടിട്ടുണ്ടാവും...


പുളിമരത്തോട് ചേർന്നുള്ള ഗ്രൗണ്ടും പോസ്റ്റോഫീസും ശവക്കോട്ടയുടെ മതിലുമെല്ലാം ഒരുപാട് പേർക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകളാണ്..!


മലബാർ സ്വതന്ത്ര സുറിയാനി സഭ


1772-ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞുണ്ടായ സഭയാണ് 'മലബാർ സ്വതന്ത്ര സുറിയാനി സഭ'. ഇതിന് 'തൊഴിയൂർ സഭ' എന്നും, 'അഞ്ഞൂർ സഭ' എന്നും പേരുണ്ട്.


1751-ൽ മാർ ബസേലിയോസ്  കാതോലിക്കോസിനോടൊപ്പം കേരളത്തിലെത്തിയ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ൽ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ 'കൂറിലോസ്' എന്ന പേരിൽ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം. അന്നത്തെ മലങ്കര മെത്രാപ്പോലീത്തയ്ക്ക് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാൽ,

‍മലങ്കര മെത്രാപ്പോലീത്ത ഇതിനെ എതിർത്തു...


തിരുവിതാംകൂർ,കൊച്ചി സർക്കാരുകൾ നിയമസാധുത്വം നൽകാത്തതിനാൽ പുതിയ മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാർത്ഥിയായി ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന അഞ്ഞൂരിലേക്ക് എത്തി അവിടെ താമസമായി. പിന്നീട് തൊഴിയൂരിൽ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു...അതാണ്‌ 'തൊഴിയൂർ സഭ'...


ഇന്ന്, പതിനാറ്‌  ഇടവകകളിലായി മുപ്പത്തയ്യായിരത്തോളം അംഗങ്ങളുള്ള 'തൊഴിയൂർ സഭ', കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മിഷനറി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്...

ആതുര സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തുമായി നാടിന്‌ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള ഈ സഭയുടെ കീഴിൽ മൂന്ന്

യു പി സ്‌കൂളുകളും ഒരു ഹയർ സെക്കണ്ടറി സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്.


ഒരു കാലത്ത് ദൂരദിക്കുകളിൽ നിന്നുള്ളവരടക്കം ഒട്ടേറെ വിദ്യാർത്ഥികൾ പഠനത്തിനായി ആശ്രയിച്ചിരുന്ന.., ഇന്ന് സിനിമാ/സാംസ്കാരിക/വിദ്ദ്യാഭ്യാസ/രാഷ്ട്രീയ/മത രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന പ്രമുഖരും അല്ലാത്തവരുമായ ഒട്ടേറെ പൗരന്മാരെ നാടിന് സമ്മാനിച്ച

സെന്റ് ജോർജ്ജസ്' ഹയർ സെക്കണ്ടറി സ്‌കൂൾ തന്നെയാണ് അവയിൽ പ്രധാനപ്പെട്ടത്...


'പള്ളിസ്കൂൾ' എന്ന പേരിൽ അറിയപ്പെടുന്ന *CMUP സ്‌കൂൾ,തൊഴിയൂർ *


മാർ കുറിലോസ് മെമ്മോറിയൽ യു പി സ്‌കൂൾ, പോർക്കുളം


സുറിയാനി ക്രിസ്ത്യൻ യു പി സ്‌കൂൾ, ചാലിശ്ശേരി 


എന്നിവയാണ് തൊഴിയൂർ സഭക്ക് കീഴിലുള്ള മറ്റു സ്‌കൂളുകൾ.


തൊഴിയൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഒരുപാട് വർഷം 

മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരുന്ന മാർ കുറിലോസ് മിഷൻ ഹോസ്പിറ്റൽ ഒരു കാലഘട്ടത്തിൽ സഭയുടെ അഭിമാന സ്തംഭമായിരുന്നു.കാലക്രമേണ ക്ഷയിച്ചു വന്ന ഈ ആശുപത്രി പ്രവർത്തനം നിർത്തി വെച്ച്  അടച്ചിട്ടിരിക്കുകയാണ്...


കുന്ദംകുളത്ത്  പ്രവർത്തിക്കുന്ന സെന്റ് തോമസ് പ്രിന്റിംഗ്‌ പ്രസ്സും തൊഴിയൂർ സഭയുടെ കീഴിലുള്ള സ്ഥാപനമാണ്.


സഭാ മേലധ്യക്ഷനും ബിഷപ്പുമായ, അഭിവന്ദ്യ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്തയാണ്. മേൽപറഞ്ഞ സ്ഥാപനങ്ങളുടെയൊക്കെയും മേൽനോട്ടം വഹിക്കുന്നത്‌.

ബിഷപ്പിനു കീഴിൽ ട്രസ്റ്റി ആയി, ഗീവർ മാണി പനക്കൽ , വൈദിക ട്രസ്റ്റി,ഫാദർ:തോമസ് കുരിയൻ , സഭ സെക്രട്ടറി: ബിനോയ്.പി.മാത്യൂ എന്നിവരും പ്രവർത്തിച്ചു വരുന്നു..!


‌#തൊഴിയൂരെഴുത്തുകൾ -12/07/2020

 
 
 

Comments


bottom of page