top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

ഫോറിൻ കച്ചവടം | ✍🏻കെ.വി.സൈദു മുഹമ്മദ്



1970-80 കാലഘട്ടങ്ങളിൽ കേരളത്തിൽ ഉടനീളം നടന്നിരുന്ന കച്ചവടമാണ് ഫോറിൻ കച്ചവടം. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം മാർഗമായിരുന്നു ഇത്. ഈ കച്ചവടത്തിന് നിയമസാധുത ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കസ്റ്റംസ് ഡിപ്പാർട്മെന്റിന്റെയും പോലീസിന്റെയും കണ്ണ് വെട്ടി

ച്ചാണ് ഈ കച്ചവടം നടന്നിരുന്നത്.

എല്ലാ കുഗ്രാമങ്ങളിലും ഫോറിൻ കച്ചവടക്കാർ ഉണ്ടായിരുന്നു. നാട്ടിൻപുറങ്ങളിൽ നിന്നും ശേഖരിക്കുന്ന വിദേശ വസ്തുക്കൾ പ്രധാനമായും കൊണ്ടുപോയിരുന്നത് ചെമ്മാട്, കോയമ്പത്തൂർ, മദ്രാസ്,ബാംഗ്ലൂർ, ബോംബെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരുന്നു.

അന്ന് ഇന്നത്തെ പോലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളും ചൈനീസ് മാർക്കറ്റുകളും ഉണ്ടായിരുന്നില്ല. പ്രധാനമായും വിപണനം നടന്നിരുന്നത് പോളിസ്റ്റർ ടെർളിൻ ടെറികോട്ടൺ തുടങ്ങിയ തുണിത്തരങ്ങളും സാരികളും ആയിരുന്നു.വാച്ചുകൾ പേനകൾ നാഷണൽ പനാസോണിക് റേഡിയോ, ടൈപ്പ്റിക്കാർഡുകൾ, ഇസ്തിരിപ്പെട്ടി, ടോർച്ച്,555 സിഗരറ്റ് സ്പ്രേ തുടങ്ങിയ സാധനങ്ങളും ഉണ്ടായിരുന്നു.ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ പോലും ഫോറിൻ കച്ചവടത്തിന്റെ ഏജന്റ് മാരായിരുന്നു. പ്രധാനമായും പോളിസ്റ്ററിന്റെ ഷർട്ട് പീസുകൾ ആയിരുന്നു ഇവർ വില്പന നടത്തിയിരുന്നത്.

കുന്നംകുളം ഗുരുവായൂർ റോഡിലുള്ള ബ്രൈറ്റ് ഹോട്ടലിന്റെ മുന്നിലും ചാവക്കാട് ഇന്നത്തെ വസന്തം കോർണറിലും കച്ചവടക്കാരുടെ ഒരു നീണ്ടനിര തന്നെയുണ്ടാകും. കുന്നംകുളത്തെ അന്നത്തെ പ്രധാന കച്ചവടക്കാരായിരുന്നു ചൗക്കി ബാപുക്ക, കേച്ചേരി മയമുണ്ണി,ഡോളർ അബൂബക്കർ,എഴുത്തച്ഛൻ,ജോസ് തുടങ്ങിയവരായിരുന്നു.

കയ്യിൽ ഒരു വാച്ച് കെട്ടി ഇവരുടെ ഇടയിൽ ചെന്ന് പെട്ടാൽ രക്ഷപ്പെടാൻ എളുപ്പമല്ല. വാച്ച് കൊടുക്കാനുണ്ടോ പേന കൊടുക്കാനുണ്ടോ പേപ്പർ വല്ലതും കയ്യിലുണ്ടോ (ഫോറിൻ കറൻസി) തുടങ്ങിയ ചോദ്യങ്ങൾ കൊണ്ട് ആളെ വീർപ്പുമുട്ടിക്കും.ഉപയോഗിച്ച ഷർട്ടുകളും വാച്ചുകളും ടൈപ്പ് റിക്കാഡുകളും വാങ്ങി വിറ്റിരുന്നവരും നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്നു.

1975-77 അടിയന്തരാവസ്ഥ കാലത്ത് വളരെ പ്രയാസപ്പെട്ടാണ് ഈ കച്ചവടം നടന്നിരുന്നത്. പോലീസും കസ്റ്റംസും വളരെ ശക്തമായിരുന്നു. ഒരു ഷർട്ട് പീസ് കൊണ്ടു പോകുന്ന ആളെ പോലും ഓടിയെത്തി പിടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബസ്സുകളും കാറുകളും തടഞ്ഞുനിർത്തി ചെക്കിങ് സർവസാധാരണമായിരുന്നു.

നമ്മുടെ നാട്ടിലും ഒരുപാട് ഫോറിൻ കച്ചവടക്കാർ ഉണ്ടായിരുന്നു. വെളുത്താട്ടിൽ കുഞ്ഞയമുക്ക, കാരിയാടത്ത് ഉമർക്ക, തറയിൽ അബൂബക്കർക്ക, സലീംക്ക,കോട്ടപ്പടി ഗോപാലൻ, കൊട മുഹമ്മദാലിക്ക, അരവിന്ദൻ തുടങ്ങിയവരായിരുന്നു.

മലേഷ്യയിൽ നിന്നും ദുബായിൽ നിന്നും ആളുകൾ വന്നാൽ കച്ചവടക്കാർ വീട്ടിലെത്തും. കുറഞ്ഞ സാധനങ്ങൾ ആണെങ്കിൽ അപ്പോൾ തന്നെ ബില്ലിട്ട് സാധനം എടുക്കും. കൂടുതൽ സാധനങ്ങൾ ഉണ്ടെങ്കിൽ മെയിൻ ആളുകളെ കൊണ്ടുവന്ന് സാധനങ്ങൾ വാങ്ങിച്ചിരുന്നു. അക്കൂട്ടത്തിൽ പ്രമുഖനായിരുന്നു വന്നേരി ഭാഗത്തുനിന്ന് വന്നിരുന്ന കരുണാകരൻ.

പല ഗൾഫുകാരും അക്കാലത്ത് ഒരു ബിസിനസാക്കി തന്നെ ചെയ്തിരുന്നു. ദുബായിൽ നിന്നും 1000 ദിർഹത്തിന്റെ ഡ്രാഫ്റ്റ് എടുത്താൽ ഇവിടെ രണ്ടായിരം രൂപയാണ് കിട്ടിയിരുന്നത്. അതേസമയം 1000 ദിർഹത്തിന്റെ സാധനങ്ങൾ ഇവിടെ കൊണ്ടുവന്ന് വിറ്റാൽ പതിനയ്യായിരം രൂപ വരെ കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ നാട്ടിൽ വരുന്ന മിക്കവാറും ആളുകളും വില്പനക്കുള്ള സാധനങ്ങൾ കൊണ്ടുവന്നിരുന്നു. യാത്രക്കുള്ള ടിക്കറ്റ് പൈസ ഇങ്ങനെ ഉണ്ടാക്കിയിരുന്നു.

 
 
 

Comments


bottom of page