മഴക്കാല മോഹങ്ങൾ | ✍🏻റസാഖ് തൊഴിയൂർ
- Razak Thozhiyoor

- Mar 25
- 1 min read

അങ്ങനെ ഒരു അവധികാലമായിരുന്നു കഴിഞ്ഞ ജൂൺ മാസം.
വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു മഴക്കാലം നേരിൽ കാണാൻ കഴിഞ്ഞത്. എഴുത്തിൽ നിന്ന് ഒരുപാട് മോചനം നേടിയപ്പോൾ പ്രിയപ്പെട്ട എഴുത്തുകാരിയുടെ "എന്റെ കഥ" ഒന്നുകൂടി വായിച്ചു.
വീടിന്റെ മുകളിലെ മുറിയിൽ ജാലകം തുറന്നു വെച്ചു മഴയും കണ്ടുകൊണ്ടങ്ങനെ
ഒരു പകൽ മുഴുവനും തീർത്തുകൊണ്ട് ശ്രീമതി. മാധവിക്കുട്ടിയുടെ ആ പുസ്തകം വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി.
സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച എന്റെ കഥ ഇന്നും വായിച്ചപ്പോൾ മനസ്സിൽ ഒരുപാട് മോഹമായിരുന്നു
അവരെ ഒന്നു കാണാൻ. പക്ഷെ വെറുതെ മോഹിക്കാൻ മാത്രമേ ഇനി നമുക്ക് സാധിക്കുകയുള്ളൂ.
ആ മഴ ദിവസത്തിലെ മോഹം അങ്ങനെ വെറുതെ മനസ്സിൽ കിടത്തി പുറത്തിറങ്ങിയപ്പോൾ മഴ നിന്നിരുന്നു.
ഓരോ പ്രവാസിയുടെയും ആഗ്രഹം നല്ലൊരു മഴ നേരിൽ കണ്ടുകൊണ്ട് നേരിയ കുളിരിൽ ഓരോ മഴയും ഇങ്ങനെ ആസ്വദിക്കുമ്പോൾ മനസ്സിൽ ഒരു മോഹമഴ പെയ്തിറങ്ങും .
ജീവിതത്തിൽ കിട്ടുന്ന ചില അസുലഭ നിമിഷങ്ങൾക്ക് മഴ നൽകുന്ന ചില മോഹങ്ങളാണ് പല എഴുത്തുകാർക്കും പ്രചോദനം നൽകുന്നത്.
വർഷങ്ങൾ പഴക്കമുള്ള ആ പുസ്തകം കയ്യിൽ എടുത്തു മറിച്ചു നോക്കിയപ്പോൾ ഒരു കടുംമഞ്ഞ നിറം കൂടാതെ ഒരു പ്രേത്യക ഗന്ധവും എന്നിട്ടും ആ പുസ്തകം വായിക്കാൻ തുടങ്ങിയപ്പോൾ നീർമാതളം പൂത്തുനിൽക്കുന്ന പുന്നയൂർക്കുളം എന്റെ അടുത്ത സ്ഥലമായിരുന്നിട്ടും
അവിടെ പോകാൻ മനസ്സിൽ മോഹമുണ്ടായിരുന്നു.
കാലം എത്ര കഴിഞ്ഞാലും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഓരോ പുസ്തകങ്ങളും ഇന്നും ലോകത്ത് എവിടെയും ലഭിക്കുന്നുണ്ട്.
മരണമില്ലാത്ത ശ്രീമതി. മാധവിക്കുട്ടിയുടെ
ഓർമ്മകൾക്ക് ഇന്നും വായനാ ലോകത്ത് പ്രസക്തി വർദ്ധിച്ചു വരുന്നു .
ഗാന്ധിയൻ ചിന്താഗതിക്കാരായ മാതാപിതാക്കളുടെ അടുത്തുള്ള ലളിതവും അച്ചടക്കവുമുള്ള ജീവിതം വരിഞ്ഞു കെട്ടിയപോലെയാണ് ശ്രീമതി. മാധവിക്കുട്ടി കണ്ടിരുന്നത് . പാട്ടും
നൃത്തവുമെല്ലാം നിഷിദ്ധമായിരുന്ന ആ ഇടത്തോടും വ്യവസ്ഥകളോടുമുള്ള നിരന്തരമായ കലഹമായിരുന്നു ആ എഴുത്തുകാരിയുടെ ജീവിതം.
ബാല്യവും കൗമാരവും യൗവനവുമെല്ലാം ആ എഴുത്തുകാരി
തുറന്നെഴുതി.
അത്രമേൽ തുറന്നെഴുതുന്ന ഒരു സ്ത്രീ എഴുത്ത് ഒരു പക്ഷെ ശ്രീമതി. മാധവിക്കുട്ടിക്ക് മുമ്പ് വേറെ ഉണ്ടായിട്ടില്ലെന്ന് പറയാം .
എഴുതി തീരാത്ത
വായിച്ചു കഴിയാത്ത
ഓർമ്മകൾ എന്നും ഒരു വസന്തം പോലെയാണ് വായനക്കാർക്ക് .




Comments