top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

അത് ഞങ്ങൾക്ക് ഹറാമാണ് | ✍🏻കെ. വി. സൈദു മുഹമ്മദ്


1976 കാലഘട്ടത്തിൽ ചാവക്കാട് താലൂക്ക് എസ്. എസ്. എഫ്. കമ്മിറ്റി രൂപീകരിച് പ്രവർത്തനം തുടങ്ങിയ കാലം.വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് അന്ന് സംഘടനക്കുണ്ടായിരുന്നത്. രണ്ട് മുഅല്ലിമുകളെ മാറ്റിനിർത്തിയാൽ സ്വന്തമായി വരുമാനമുള്ളവർ ആരും തന്നെ സംഘടനയിൽ ഉണ്ടായിരുന്നില്ല.മദ്രസ മുഅല്ലിമുകളുടെ അന്നത്തെ പ്രതിമാസ ശമ്പളം കേവലം അമ്പത് രൂപയിൽ താഴെയായിരുന്നു. ഇന്നത്തെ പോലെ സംഘടനയെ സഹായിക്കാൻ മുതലാളിമാർ തീരെ ഉണ്ടായിരുന്നില്ല. സ്വന്തമായി വാഹനമുള്ളവർ ആരും ഇല്ല. സൈക്കിൾ വാടകക്കെടുത്താണ് ബസ് സർവ്വിസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. ചാവക്കാട് താലൂക്ക് കമ്മിറ്റി പരിശുദ്ധ റമളാനിനെ കുറിച്ച് ഒരു ലഘുലേഖ പുറത്തിറക്കാൻ തീരുമാനിച്ചു. എസ്. എസ്. എഫ്. സംസ്ഥാനം വൈസ് പ്രസിഡന്റും ഞങ്ങളുടെ ഉപദേഷ്ടാവുമായ അബൂബക്കർ ശർവാനി ഏനാമാവ് മുദരിസായി ജോലി ചെയ്തിരുന്നു. ശർവാനിയെ സമീപിച്ചു ലഖുലേഖയുടെ മാറ്റർ തയ്യാറാക്കി. കുന്നംകുളം പട്ടാമ്പി റോഡിൽ ഇമ്മാനുവൽ പ്രസ്സിൽ പോയി പ്രിന്റിങ്ങിനെ കുറിച്ച് അന്വേഷിച്ചു.ആയിരം കോപ്പിക്ക് അമ്പത് രൂപ വേണം. അഞ്ച് രൂപ പോലും കയ്യിലില്ല. പണം കിട്ടാൻ ഒരു മാർഗ്ഗവുമില്ല. കൂട്ടത്തിൽ ഒരാൾ പറഞ്ഞു നമുക്ക് പരസ്യം ശേഖരിക്കാം. പരസ്യം എവിടെ നിന്ന് കിട്ടുമെന്ന് അറിയുകയുമില്ല.

ഏതായാലും പരസ്യം ശേഖരിക്കുവാൻ വേണ്ടി വാടാനപ്പള്ളിയിൽ പോകാൻ തീരുമാനിച്ചു. പിറ്റേ ദിവസം കാലത്ത് പത്ത് മണിക്ക് ചാവക്കാട് എത്താം എന്ന തീരുമാനത്തിൽ എല്ലാവരും പിരിഞ്ഞു.കാലത്ത് പത്ത് മണിക്ക് തന്നെ ഞാനും ഷംസുദീൻ ഒതളൂരും കല്ലൂർ ടി. എ. അബുവും കല്ലൂർ ബക്കറുംചാവക്കാട്എത്തി ചാവക്കാട് നിന്നും ചേറ്റുവ ബസ്സിൽ കയറി. ചേറ്റുവയിൽ അന്ന് പാലം ഉണ്ടായിരുന്നില്ല. ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും കാത്ത് നിന്നാലെ ചങ്ങാടം കിട്ടുകയുള്ളൂ. പന്ത്രണ്ട് മണിയോടുകൂടി വാടാനപ്പള്ളിയിൽ എത്തി അവിടെ പരിചയക്കാർ ആരുമില്ല.

അങ്ങാടിയിലെ തുണിക്കടകളിലും ജ്വല്ലറികളിലും ഫർണിച്ചർ കടകളിലും പാത്രകടകളിലും മണിക്കൂറുകളോളം കയറിയിറങ്ങിയെങ്കിലും ഒരു പരസ്യം പോലും കിട്ടിയില്ല. വൈകുന്നേരത്തോടുകൂടി വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം കാലത്ത് എല്ലാവരും കൂടി ആൽത്തറയിലേക്ക് പുറപ്പെട്ടു. ആദ്യം കയറിയത് കുന്നത്തൂർ ട്രെഡേഴ്‌സ് എന്ന ഒറ്റ ഷട്ടറുള്ള കടയിലായിരുന്നു. അവിടെ നിന്നും ഇരുപത്തി അഞ്ചു രൂപയുടെ പരസ്യം കിട്ടി. അപ്പോൾ ഞങ്ങൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുകയില്ല. പിന്നീട് ഞങ്ങൾ പോയത് "ബവദാസ് ഔഷധ പൽപ്പൊടി"യുടെ വീട്ടിലേക്കാണ്. തിരുമേനി ഞങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചു. എസ്. എസ്. എഫി നെ കുറിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.പതിനഞ്ച് രൂപയുടെ പരസ്യത്തിന്റെ മാറ്ററും തന്നു. മാറ്റർ വായിച്ചപ്പോൾ ഞങ്ങളാകെ വിഷമിച്ചു. കാരണം ആ പരസ്യത്തിൽ നമ്പൂതിരിയുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു. അക്കാലത്ത് സുന്നി സംഘടനകൾ ഒന്നും ഫോട്ടോ പ്രസിദ്ധീകരിചിരുന്നില്ല. ഞങ്ങളുടെ ബേജാറ് മനസ്സിലാക്കിയ തിരുമേനി ചോദിച്ചു. എന്താ പ്രശ്നം? ഞങ്ങൾ തിരുമേനിയോട് പറഞ്ഞു. "ഫോട്ടോ ഞങ്ങൾക്ക് ഹറാമാണ്" തിരുമേനി സ്നേഹപൂർവ്വം ഞങ്ങളോട് പറഞ്ഞു ഫോട്ടോ ഒഴിവാക്കി പരസ്യം കൊടുത്താൽ മതി. ഞങ്ങൾക്ക് സന്തോഷമായി. ഇനി പത്തു രൂപയുടെ പരസ്യമാണ് കിട്ടേണ്ടത്. കൂടെയുള്ള ബക്കർ പറഞ്ഞു. ഇനി നമുക്ക് പരസ്യത്തിനു വേണ്ടിയുള്ള നടത്തം നിറുത്താം. പത്തു രൂപ ഞാൻ തരാം എന്റെ എലഗന്റ് എലക്രിൽസിന്റെ പരസ്യം പ്രസിദ്ധികാരികരിച്ചാൽ മതി. അങ്ങനെ ആദ്യമായി തൃശ്ശൂർ ജില്ലയിൽ എസ് എസ് എഫിന്റെ ഒരു ലഘുലേഖ പുറത്തിറങ്ങി.

ഒരിക്കൽ കോഴിക്കോട് ടൗൺഹാളിൽ സമസ്ത സമ്മേളനം നടക്കുമ്പോൾ ഫോട്ടോ എടുക്കാൻ വന്ന പത്രക്കാരോട് സ്റ്റേജിലെ പണ്ഡിതന്മാർ പറഞ്ഞു പാടില്ല ഹറാമാണ എന്നത് പ്രത്യേകം സ്മരണിയമാണ്.

 
 
 

Comments


bottom of page