പി.പി ഹൈദർ ഹാജി | ✍🏻അലി മാണിക്കത്ത്
- അലി മാണിക്കത്ത്

- Mar 18
- 2 min read

പെരുംമ്പുള്ളിപ്പാട്ട് പയ്യൂരയിൽ ഹൈദർ ഹാജി എന്ന തൊഴിയൂരിന്റെ സ്വന്തം ഹൈദ്രു ഹാജിയെപ്പറ്റി എഴുതാൻ ഈ ഒരു കോളം വളരെ പരിമിതമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...!
തന്റെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചക്കൊപ്പം പിറന്ന നാടിനെയും വളർച്ചയുടെ പടവുകളിലേക്ക് കൈപിടിച്ചു കയറ്റാൻ ഹാജിക്ക കാണിച്ച ഉത്സാഹവും സന്മനസ്സും തൊഴിയൂരിന്റെ വികസനങ്ങളിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
വളരെ ചെറുപ്പത്തിലേ തുടങ്ങിയ കഠിനമായ പരിശ്രമങ്ങളിലൂടെ നേടിയെടുത്ത വിജയങ്ങളുടെയും അംഗീകാരങ്ങളുടെയും ഉത്തുംഗതയിൽ നിൽക്കുമ്പോഴും
വലിപ്പ ചെറുപ്പമില്ലാതെയുള്ള സൗമ്യമായ പെരുമാറ്റവും അർഹരായവരോടുള്ള സഹായമനസ്കതയും തന്നോടൊപ്പം തന്റെ നാടും നാട്ടുകാരും വളരണമെന്ന വീശാലമനസ്കതയും കൊണ്ട് ഹൈദർ ഹാജി എവിടെയും സ്വീകാര്യനായി...
1960കളിൽ ഖത്തറിലേക്ക് ചേക്കേറിയ അദ്ദേഹം ഒരുപാട് നാൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തതിന് ശേഷമാണ് 1978 ൽ ഫാമിലി ഫുഡ് സെന്ററിന് തുടക്കം കുറിക്കുന്നത്...അതിനും നാല് വർഷം മുൻപ് 1974 ലാണ്, ഏതാനും ചില സുഹൃത്തുക്കളുമായുള്ള കൂട്ടായ്മയിലൂടെ, ഇന്ന് ദോഹയിലെ അറിയപ്പെടുന്ന ഇന്ത്യൻ സ്‌കൂളായ MES (മിഡിൽ ഈസ്റ് എജുക്കേഷണൽ സർവീസ്) തുടങ്ങി വെച്ചത്. പരിമിതമായ സൗകര്യങ്ങളും സാമ്പത്തിക പിൻബലവും മാത്രമുണ്ടായിരുന്ന അക്കാലത്ത്, നിരന്തരമായ പരിശ്രമങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും കെട്ടിപ്പടുത്ത ഈ രണ്ട് സ്ഥാപനങ്ങളും ഇന്നും അന്തസ്സോടെ ഖത്തറിന്റെ മണ്ണിൽ തലയുയർത്തി നിൽക്കുന്നു.
ദോഹയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് പുറമെ നിരവധി വിദേശികളായ രക്ഷിതാക്കളും തങ്ങളുടെ മക്കളുടെ കെജി ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന സ്ഥാപനമായി എം ഇ എസ് വളർന്നപ്പോൾ, വിവിധ ബ്രാഞ്ചുകളും നിരവധി സഹോദര സ്ഥാപനങ്ങളിലൂടെയുമായി, ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പ് നൽകുന്ന FFC യിൽ നാട്ടുകാർ അടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചയ്തു വരുന്നു.
1984-85 കാലഘട്ടത്തിൽ കോഴിക്കോട് ദയാപുരത്ത് തുടക്കം കുറിച്ച റസിഡൻഷ്യൽ സ്‌കൂൾ/അൻസാരി ഓർഫനേജ്, 1994 ൽ തൃശൂർ ചിറ്റിലപ്പിള്ളിയിൽ ആരംഭിച്ച ഐ ഇ എസ് സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നതിയിലും ചുക്കാൻ പിടിച്ചത് ഹൈദർ ഹാജിയാണ്.
ഹൈസൺ ഹെറിറ്റേജ്, ഹൈസൺ മോട്ടോർസ് എന്നീ സ്ഥാപനങ്ങൾക് പുറമെ, തൊഴിയൂരിന്റെ മുഖഛായ തന്നെ മാറ്റി മറിച്ച ഹൈസൺ സെന്റർ നമ്മുടെ നാടിന് അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ്.
ഒരു വ്യാപാര സമുച്ചയം എന്നതിലുപരി ഹൈസൺ സെന്ററും ഹൈസൺ മെഡിക്കൽസും നൽകി വരുന്ന സേവനങ്ങൾ സ്തുത്യർഹമാണ്.
കൂടാതെ നാടിന്റെ സേവനപ്രർത്തനങ്ങളിൽ നാഴികക്കല്ലായി മാറിയ തൊഴിയൂർ ലൈഫ് കെയറിന്റെ നല്ല തുടക്കത്തിനും അദ്ദേഹം ഒരു ഹേതുവായി മാറി. ആക്ട്സ് എന്ന സന്നദ്ധ സംഘടനയുടെ ഒരു ശാഖ ആരംഭിക്കാനായി തുടങ്ങി വെച്ച ചർച്ചകളിലൂടെ ലൈഫ് കെയറെന്ന പ്രസ്ഥാനം രൂപീകൃതമാവുകയും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി തന്നെ സമീപിച്ച പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം, പുതുസംരംഭത്തിന് സ്വന്തമായി പുത്തൻ ആംബുലൻസും സംഭാവന ചെയ്താണ് അദ്ദേഹം മടക്കി അയച്ചത്.
1996 ൽ തൊഴിയൂർ പാലേമാവ് പള്ളി
പുനർ നിർമ്മാണക്കാലത്ത് ഖത്തറിലുള്ള മഹല്ല് നിവാസികളെ ഏകോപിപ്പിച്ച് “ഖത്തർ തൊഴിയൂർ പാലേമാവ് മഹല്ല് കമ്മിറ്റി” രൂപീകരിച്ചതും ഹാജിക്കയുടെ നേതൃത്വത്തിലായിരുന്നു.
തൊഴിയൂർ മത്രംകോട്ട് ബാപ്പുട്ടി/പെരുമ്പുള്ളിപ്പാട്ട് പയ്യൂരയിൽ ഖദീജ ദമ്പതികളുടെ മകനായ അദ്ദേഹം,
സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ച് തന്നെ സമീപിക്കുന്ന ഒരാളെയും വെറും കയ്യോടെ മടക്കിയതായി കേട്ടിട്ടില്ല എന്ന് മാത്രമല്ല സൗഹൃദ സന്ദരർശനത്തിനെത്തുന്നവരോട് പോലും "ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ" എന്ന പതിവ് ചോദ്യം ഒരിക്കലും മുടക്കാറുമില്ല...
പ്രായാധിക്യത്താൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിട്ടു നിന്നപ്പോൾ അദ്ദേഹം തുടങ്ങി വെച്ച പ്രസ്ഥാനങ്ങളും സേവന പ്രവർത്തനങ്ങളും മക്കളുടെയും പേരമക്കളുടടേയും കൈകളിലൂടെ ഇന്നും വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു...
വാർദ്ധക്യസഹജമായ സാഹചര്യത്തിലൂടെ കടന്നു പോയിരുന്ന അദ്ദേഹം 2025 ജൂലൈ 21ന് പുലർച്ചയോടെ ഇഹലോക വാസം വെടിഞ്ഞു..!
ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്ത് വെച്ച നന്മകൾ മുഴുവനും ചേർന്ന് ആ ബർസഖീ ഭവനത്തിന്റെ ചുമരുകൾ അലങ്കരിച്ച് നാഥൻ സ്വർഗ്ഗീയ സൗഖ്യങ്ങളാൽ അനുഗ്രഹിച്ചിടട്ടെ…!




സർവ ശക്തൻ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ