KK അബൂബക്കർ സാഹിബ് (MSPക്ക) | ✍🏻അലി മാണിക്കത്ത്
- അലി മാണിക്കത്ത്

- Mar 18
- 2 min read

എൺപതുകളിലെ ഒരു പൊൻപുലരി...
സൂര്യൻ ഉണർന്നു വരുന്നേ ഉള്ളൂ...തൊഴിയൂർ മണ്ണാംകുളം ഭാഗത്തെ, ഓല മേഞ്ഞ നീളൻ പൂമുഖമുള്ള പഴയ തറവാട് വീട്..!
പൂമുഖത്തും സിമന്റിട്ട വിശാലമായ മുറ്റത്തും അക്ഷമരായി കാത്തു നിൽക്കുന്ന ഒരു കൂട്ടർ...!
അതിൽ രാജുവും ലാസറും അമ്മദുമെല്ലാം ഉണ്ട്...
ഭാര്യയുമായി വഴക്കിട്ട്, ഇനി അവളെ വേണ്ടെന്നു ശഠിച്ചവനും, അയലത്തെ ആട് തന്റെ തൊടിയിലെ ഇല കടിച്ചെന്നും പറഞ്ഞു തുടങ്ങി വെച്ച ചെറിയ കുഴപ്പം വമ്പൻ പ്രശ്നങ്ങളിലെത്തിച്ചവരും, സ്വത്ത് തർക്കക്കാരും അക്കൂട്ടത്തിലുണ്ട്..!
സന്ദർശകരുടെ എണ്ണമനുസരിച്ച് അടുപ്പത്തിടുന്ന അരിയുടെ അളവും ചായ കൂട്ടുന്ന പാത്രത്തിന്റെ വലുപ്പവും മാറിക്കൊണ്ടിരിക്കും..!
പൂമുഖത്തെ ചാരുകസേരയിലിരുന്ന്
മേൽപ്പറഞ്ഞ എല്ലാ പ്രശ്നങ്ങളിലും
ഇരുപക്ഷത്തിന്റെയും വാദങ്ങൾ ക്ഷമയോടെ കേട്ടിരിക്കുകയാണ് നാട്ടുകാരുടെ MSPക്ക എന്ന അബൂബക്കർക്ക..!
ഇളയ മകൾ അമൽ കസേരക്കയ്യിൽ പിടിച്ചും അദ്ദേഹത്തിന്റെ നെഞ്ചത്ത് പറ്റിപ്പിടിച്ചും കൂടെത്തന്നെയുണ്ട്...
ഓരോ തർക്കങ്ങളും സസൂക്ഷ്മം പഠിച്ച്,
ഇരുകൂട്ടരെയും അനുനയിപ്പിച്ച്
സർവ്വസ്വീകാര്യമായ, ഒരു മറുവാക്കിനും പഴുതില്ലാത്ത ന്യായമായ ഒരു തീർപ്പ് പറയും..!
രണ്ട് പേരെയും ഹസ്തദാനം ചെയ്യിപ്പിച്ച് യാത്രയാക്കും...അതാണ് അദ്ധേഹത്തിന്റെ രീതി..!
തന്റെ വീട്ടുപടിക്കൽ സഹായമഭ്യർത്ഥിച്ചെത്തുന്ന ഒരാൾ പോലും നിരാശനായി മടങ്ങരുത് എന്ന് MSPക്കക്ക് നിർബന്ധമുണ്ടായിരുന്നു...
അതുകൊണ്ട് തന്നെ, ഏത് പാതിരാത്രിയിലും എന്ത് പ്രശ്ന പരിഹാരത്തിനും ആർക്കും ആ വാതിലിൽ മുട്ടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
തന്നാൽ കഴിയുന്ന പോലൊക്കെയും ആവശ്യക്കാരനെ അന്വേഷിച്ചറിഞ്ഞ് അതീവ രഹസ്യമായി സഹായിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹം,
ജീവതത്തിലുടനീളം പുലർത്തേണ്ടുന്ന നിഷ്ഠകളും സൂക്ഷ്‌മതകളും ഒരു പുരുഷായുസ്സ് കൊണ്ട് തന്റെ കുടുംബത്തിലും താൻ നില കൊള്ളുന്ന സമൂഹത്തിനു മുൻപാകെയും ജീവിച്ചു കാണിച്ചു...
നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ എന്നും റോൾ മോഡൽ ആയിരുന്ന MSPക്കയാണ്
ഏതൊരു കല്യാണപ്പുരയിലും മറ്റു ചടങ്ങുകളിലുമെന്ന് വേണ്ട, എല്ലാ സാമൂഹ്യ/സാംസ്കാരിക/ജീവകാരുണ്യപ്രവർത്തനങ്ങളിലും അവരെ മുന്നിൽ നിന്ന് നയിച്ചത്..!
'മുസ്ലിം സഹോദര സംഘം' എന്ന കൂട്ടായ്മയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ധേഹം മരണാനന്തര കർമ്മകൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം അന്നത്തെ യുവതലമുറയെ തോളോട് തോൾ ചേർത്തു നിർത്തി മയ്യിത്ത് പരിപാലനം പോലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് അവരെ പ്രാപ്തരാക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പാലേമാവ് പള്ളി നിർമ്മാണത്തിനായി വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഫണ്ട് ശേഖരിക്കാൻ മുന്നിൽ നിന്ന അതേ ആൾ തന്നെ പള്ളി നിർമ്മിക്കുമ്പോൾ കല്ല് ചുമക്കാനും കൂടെ നിന്നു..!
ഇതിനെല്ലാം പുറമെ,നിർമ്മാണ മേഖലയിൽ അഗ്രഗണ്യനായിരുന്ന MSPക്ക തനിക്ക് പ്രിയപ്പെട്ടവരുടെ, പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലുള്ളവരുടെ വീട് നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിക്കാറുണ്ടായിരുന്നു...
മണ്ണാംകുളം നമസ്കാരപ്പള്ളിയുടെ പ്ലാൻ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹം തന്നെ..!
സ്വതന്ത്ര ഭാരതം നിലവിൽ വരുന്നതിന് മുൻപ് "മലബാർ സ്‌പെഷ്യൽ പോലീസ് (MSP)" ൽ പ്രവർത്തിക്കുന്ന കാലത്ത് ബ്രിട്ടീഷ് മേധാവികളുടെ നയങ്ങളോടും നിലപാടുകളോടും സമരസപ്പെട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ജോലിയുപേക്ഷിച്ചു മടങ്ങി എന്നാണ് കേട്ടറിവ്. അനീതിക്കും അക്രമത്തിനുമെതിരെ എന്നും ശബ്ദമുയർത്തിയ അദ്ദേഹം സമൂഹത്തിന്റെ ഏത് തുറയിൽ നിന്നുള്ളവർക്കും സ്വീകാര്യനായിരുന്നു..!
കേവലം ഒന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് പിതാവ് കൊമ്പത്തയിൽ കുഞ്ഞമ്മു എന്നവർ മരണപ്പെട്ടത്...പറക്കമുറ്റാത്ത മൂന്ന് മക്കളെ വളരെ അച്ചടക്കത്തോടെയും ഇച്ചിരി കർക്കശതയോടെയും തന്നെയാണ് മാതാവായ ഉമ്മാവുട്ടി എന്നവർ വളർത്തിയത്...അതിന്റേതായ കണിശത അബൂബക്കർക്കയുടെ ജീവിതത്തിലും പ്രതിഫലിച്ചിരുന്നു. രണ്ട് കാര്യങ്ങളാണ് താൻ ജീവിതത്തിൽ ഭയപ്പെടുന്നത്, പടച്ച റബ്ബിനെയും, ഒരു കൊച്ചു കുട്ടി പോലും താൻ ചെയ്ത ഒരു കാര്യത്തിൽ അനീതിയുണ്ടെന്ന് ആരോപണമുന്നയിച്ച് വരുന്നതുമാണ് അവയെന്ന് എപ്പോഴും പറയാറുണ്ടെന്ന് അദ്ദേഹത്തിന്റെ മകൻ ഉമ്മർ ഓർക്കുന്നു.
പുറമെ കാണുന്നവർക്ക് അല്പം ഗൗരവക്കാരനായി തോന്നുമെങ്കിലും തന്റെ പ്രിയതമക്ക് മുന്നിൽ സ്നേഹനിധിയായ ഭർത്താവായും, മക്കൾക്കും കൊച്ചു മക്കൾക്കും അദ്ധേഹം വാത്സല്യത്തിന്റെ നിറകുടമായ ഉപ്പയും ഉപ്പപ്പയുമായിരുന്നു..!
മത്രംകോട് ബാപ്പുട്ടി എന്നവരുടെ മകളും
പി പി ഹൈദർ ഹാജിയുടെ സഹോദരിയുമായ ഉമ്മത്തിക്കുട്ടിയെയാണ് ജീവിത സഖിയാക്കിയത്.
ഒമ്പത് മക്കളും ഉപ്പ പകർന്നു നൽകിയ മൂല്യങ്ങളും ജീവിത പാഠങ്ങങ്ങളും പിന്തുടർന്ന് മുന്നോട്ട് പോകുന്നു..!
ഫാത്വിമ,മുസ്തഫ,നഫീസ,റംല,സഫിയ,
ഉമ്മർ,ഉസ്മാൻ, അലിമോൻ,അമൽ
എന്നിവരാണ് മക്കൾ.
മാളിയേക്കൽ പടി മുതൽ കച്ചേരിപ്പടി വരെയുള്ള റോഡ് അടക്കം ഇന്ന് നമ്മുടെ നാട്ടിലുള്ള (തൊഴിയൂർ) ഏറെക്കുറെ എല്ലാ റോഡുകളും അദ്ദേഹത്തിന്റെ ശ്രമഫലമായിട്ട് ഉണ്ടായിട്ടുള്ളതാണ്.
അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെടാതെ തൊഴിയൂരിന് ഒരു ചരിത്രം എഴുതാനാവില്ല.
1989 ജനുവരി 16 ന് സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശില വീണു.ആറ് വർഷങ്ങൾക്ക് ശേഷം ഒരു ഫെബ്രുവരി 22 ന് പ്രിയപത്നിയും ഈ ലോകത്തോട് വിട പറഞ്ഞു. നാഥൻ ഇരുവരുടെയും പാരത്രീക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ...ആമീൻ.




ആമീൻ