top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

മരണമെത്തും നേരം | ✍🏻 ഷമീർ തൊഴിയൂർ


ഓർത്തു നോക്കിയിട്ടുണ്ടോ നിങ്ങൾ ആ ദിവസത്തെ പറ്റി, ഒരിറ്റു കണ്ണുനീരെങ്കിലും പൊഴിച്ചിട്ടുണ്ടോ നിങ്ങൾ വിദൂരമല്ലാത്ത ആ നനഞ്ഞ ദിവസത്തിന്റെ വേദനയെ ചങ്കിലേറ്റി.


മരണത്തിന്റെ മാലാഖ ഞാനെന്ന ഇരയെതേടി ചിറകുകൾ വീശിയടിച്ചുപറന്നിറങ്ങി എന്നിലെ റൂഹിനെ കൊത്തിയെടുത്തുകൊണ്ട് അങ്ങ് ദൂരെ അനന്തതയിലേക്കു പറന്നകലുന്ന ഒരു ദിവസത്തെഓർത്തു ഉറക്കമില്ലാത്ത ചില രാത്രികളിൽ ഹൃദയം വല്ലാതെ അസ്വസ്ഥതമാകാറുണ്ട്. വല്ലാത്തൊരു ദിവസം തന്നെയായിരിക്കും അത്, ഈ ശരീരം എന്റെ വീടിന്റെപൂമുഖത്തു നീണ്ടുനിവർന്നു കിടക്കുമ്പോൾ ഇനിയും സ്നേഹിച്ചു കൊതിതീരാത്ത

എന്റെ പ്രിയപ്പെട്ടവരുടെ കണ്ണുകൾ എന്റെ വിയോഗമോർത് ഈറനണിയുമ്പോൾ അവരെയെല്ലാം ഒന്ന്ചേർത്ത്പിടിച്ചു പൊട്ടിക്കരയാൻപോലുമാകാതെ ചലനമറ്റു കിടക്കുന്ന ആ ദിവസം ......


"നാളെ ഞങ്ങളങ് മരണപ്പെട്ടുപോയാൽ ഇടക്കൊക്കെ ഞങ്ങടെ ഖബറിൽവന്നു ഒരു സലാം പറയാൻ മറക്കല്ലേ ട്ടാ മക്കളേ, ഞങ്ങൾ കാത്തിരിക്കും ട്ടാ "എന്ന് കണ്ണുകൾ നിറച്ചുകൊണ്ട് ഇടക്കിടക്ക് എന്നോട് പറഞ്ഞിരുന്ന എന്റെ പൊന്നുമ്മാട് ഇനി ഞാനെന്തു മറുപടിപറയും. ഇരുമ്പ് കട്ടിലിനുള്ളിൽ കിടന്നുഞാൻ വീർപ്പുമുട്ടുമ്പോൾ അവസാനമായി എനിക്ക് എന്റെ പൊന്നുമ്മാട് ഒന്ന് യാത്രപറയണം, ആ തിരുനെറ്റിയിൽ ഒരുതവണ കൂടെ എനിക്കൊന്നു മുത്തം വെക്കണമെന്ന് നിസ്സഹായനായി പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരൊക്കെയോ എന്നെ കൊണ്ടുപോകാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. 'ഈ ലോകത്തിൽ ഏറ്റവുംഅധികം ഞാൻ സ്നേഹിച്ചിരുന്നത് പൊന്നുമ്മാ നിങ്ങളെയായിരുന്നു' എന്ന് ആ മുഖത്ത് നോക്കി അവസാനമായ് ഒന്ന് പറയണമെന്നുണ്ട്. പക്ഷെ നാവു മരവിച്ചിരിക്കുന്നു. ഞാൻ ആരുടെയൊക്കെയോ തോളുകളിലേക്ക് ഉയർത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു .


പിച്ചവെച്ച ആ മുറ്റത്തുനിന്നും ബാല്യവും കവ്മാരവും പിന്നെ യുവത്വവുമെല്ലാം ഞാൻ നടന്നു തീർത്ത ആ ഇടവഴികളിലൂടെ എന്നും കണ്ണിനു കുളിരായി നിന്നിരുന്ന പാടവും കുളവും തോടും എല്ലാം എല്ലാം പിന്നിട്ടു ദിക്‌റുകളുടെ ഈരടിയോടു കൂടെ എന്നെയും വഹിച്ചുകൊണ്ട് അവർ നടന്നു നീങ്ങുകയാണ്..ഇടക്കുവച്ചു ജീവിതത്തിന്റെ തിരക്കുകളിലേക്ക് എന്നെ തനിച്ചാക്കി പറന്നകന്ന എന്റെ എല്ലാ ചെങ്ങായ്മാരും എന്നെ അനുഗമിക്കുന്നുണ്ട്. എല്ലാ തിരക്കുകളും മാറ്റിവച്ചു അവസാനമായ് എന്നെ യാത്രയാക്കാൻ അവരെല്ലാം എത്തിയിട്ടുണ്ട്.. കിഷോറും ഹാസിഫും പിബിനും ശാലുവും നിസാർക്കയും അങ്ങിനെ ജീവനായി ഞാൻ സ്നേഹിച്ചിരുന്ന എല്ലാവരും.അവരുടെയെല്ലാം മുഖങ്ങളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു, കണ്ണുകൾ കലങ്ങിയിരിക്കുന്നു. ആദ്യമായാണ് പഹയന്മാർ കരഞ്ഞു കാണുന്നത്.അതും എനിക്ക് വേണ്ടി.ഒരു നിമിഷമെങ്കിലും തിരിച്ചു അവരിലേക്കെത്താൻ മനസ്സ് കൊതിക്കുന്നുണ്ട്.

കളിയും ചിരിയും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഒരു നിമിഷമെങ്കിലും,...ഇല്ല ഇനി തിരിച്ചു കിട്ടില്ല ആ സുവർണനിമിഷങ്ങൾ..എങ്കിലും നിങ്ങളുമായി പങ്കുവച്ച ആ നല്ലനിമിഷങ്ങളുടെ ഓർമ്മകൾ എന്നോട് കൂടെയുണ്ട്....


ചെറിയൊരു ചാറ്റൽമഴ എങ്ങുനിന്നോ പൊട്ടിപുറപ്പെട്ടിട്ടുണ്ട്.എന്നെ ചുമക്കുന്നവർക്ക് വേഗം അല്പം കൂടിയതായി എനിക്ക് തോന്നി.ഞാൻ കിടക്കുന്ന ആ പെട്ടിയിലേക്കു മഴത്തുള്ളികൾ കടക്കുന്നുണ്ടോ,ഞാനെങ്ങാനും നനയുന്നുണ്ടോ എന്ന് ഇടക്കിടക്ക് നോക്കുന്നുണ്ട് എന്റെ ഉപ്പ...

ആ കണ്ണുകൾ ചുവന്നു മുഖമെല്ലാം തുടുത്തു വല്ലാതായിരിക്കുന്നു..

ഒരു പോള കണ്ണടക്കാതെ ഇന്നലെ രാത്രി തൊട്ടേ ഓടിനടക്കുകയാണ് ആ പാവം. എന്റെ അവസാന യാത്രയുടെ ഒരുക്കങ്ങൾ ബംഗിയാക്കാൻ വേണ്ടി. ഞാൻ കാണാതിരിക്കാൻ വേണ്ടിയായിരിക്കും, ഞാൻ സങ്കടപ്പെടുമെന്നോർത്തായിരിക്കും ഒരു സങ്കടക്കടൽ തന്നെ ആ കണ്ണുകളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്റെ ഉപ്പ.


പണ്ട് ഞാൻ മടിയിലിരുത്തി ദിക്റുകൾ ചൊല്ലി പഠിപ്പിച്ച എന്റെ കുഞ്ഞനുജൻ ഇന്ന് എനിക്കുവേണ്ടി ദിക്റുകൾ ചൊല്ലി എന്നോട് ചേർന്ന് നടക്കുന്നുണ്ട്...

അല്ലെങ്കിലും അവൻ അങ്ങനെയായിരുന്നു, ഇക്കാന്നും വിളിച്ചു എന്റെ തോളിൽ കയ്യിട്ടു നടക്കും പഹയൻ, ഒരു നല്ല കൂട്ടുകാരനെ പോലെ.

'ഡാ ഇനി തല്ലുകൂടാനും തോളിൽ കയ്യിട്ടു നടക്കാനും ഒരുമിച്ചു ഒരു ബൈക്കിലിരുന്ന് ചുമ്മാ ചുറ്റിക്കറങ്ങാനും ഇഷ്ടപ്പെട്ടതൊക്കെ വലിച്ചുവാരി കഴിക്കാനുമൊക്കെ ഈ ഇക്കാ ണ്ടാവൂല്ലട്ടാ 'എന്ന് കണ്ണുകൾ നിറച്ചു അവനോടു പറയണമെന്നുണ്ട് അത് പറയുമ്പോൾ ആ മുഖം ചുവന്നുതുടുത്തു കണ്ണുകൾ നിറഞ്ഞു എന്നെ നോക്കി മുഖംവീർപ്പിക്കുന്നത് ഒന്ന് കൂടി ആസ്വദിക്കണമെന്നുണ്ട്, പക്ഷെ വൈകിപ്പോയിരിക്കുന്നു, ശരീരം ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു..


അവസാനം എന്നെയും വഹിച്ചുകൊണ്ടുള്ള ആ നടത്തം ഇന്നലെ മഗ്‌രിബ് നിസ്കരിച്ചിറങ്ങിയ എന്റെ പള്ളിയിൽ അവസാനിപ്പിച്ചു പള്ളിയുടെ ഒരു മൂലയിൽ അവർ എന്നെ ഇറക്കിവച്ചപ്പോൾ അങ്ങകലെ പള്ളിക്കാടിന്റെ ഒഴിഞ്ഞ ഒരു മൂലയിൽ എനിക്കായി ഒരുങ്ങിയ ആ പുതിയ വീട് 'കബർ 'എന്ന ആ ഭയങ്കരവീട് എനിക്ക് കാണാമായിരുന്നു. ശീതീകരിച്ച മുറിയില്ലാത്ത വെളിച്ചമില്ലാത്ത ഇരുൾ നിറച്ച ആ വീട് എന്റെ കണ്ണുകളിൽ ഭയംനിറക്കുകയായിരുന്നു.


എനിക്ക്മേലുള്ള അവസാന നമസ്കാരവും കഴിഞ്ഞു എന്നെയും ചുമന്നുഅവർ ആ ഇരുട്ടറയിലേക്കു നടന്നു,ചില കൈകൾ ചേർന്ന് എന്നെ ആ കബറിലേക്കു ഇറക്കിവെക്കുമ്പോൾ ഞാനറിഞ്ഞു,, പണ്ട് എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തം തന്നിരുന്നവരുടെ കൈകൾ, പിച്ചവെച്ചു നടത്തിയ കൈകൾ, എന്തിനും ഏതിനും കൂടെ നിന്നിരുന്നവരുടെ കൈകൾ, എല്ലാവരും ചേർന്ന് എന്നെ നീണ്ടുനിവർത്തി കിടത്തുമ്പോൾ എങ്ങുനിന്നോ ഒരു പെരും മഴയുടെ ആരവം എനിക്ക് കേൾക്കാമായിരുന്നു.മഴയെ പ്രണയിച്ചവന്റെ മണ്ണിലേക്കുള്ള മടക്കത്തിൽ മഴക്ക് പെയ്യാതിരിക്കാൻ കഴിയുന്നതെങ്ങിനെ, അത്രമേൽ ഇഷ്ടമുള്ള പ്രണയിനി ആയിരുന്നില്ലേ എനിക്കവൾ, അവസാനമായ് മഴയെന്ന എന്റെ പ്രണയിനിയുടെ നനുത്ത ഇളം തണുപ്പുള്ള മുത്തങ്ങൾ തുള്ളികളായി എന്റെ മൂർദ്ധാവിൽ പതിക്കുമ്പോൾ പച്ചമണ്ണുകൾ കൊണ്ട് എന്റെ പ്രിയപ്പെട്ടവർ എന്റെ ശരീരം പുതപ്പിക്കുന്നത് ഞാനറിഞ്ഞു.. ഇടനെഞ്ചിൽ വന്നു വീണ ഒരുപിടി പച്ചമണ്ണിൽനിന്നും വായിലേക്ക് തെറിച്ച ഒരു തരിയിൽ കണ്ണീരിൽ കുതിര്ന്ന ഉപ്പിൻ കൈയ്പ്പുള്ളത് ഞാൻ അറിഞ്ഞു. അത് എന്റെ പൊന്നുപ്പാടെ കൈകളിൽ നിന്നും ഉതിർന്നുവീണ അവസാനമണ്തരികളായിരുന്നു.


പൂർണമായും ഈ ശരീരം ഇരുട്ടറയിലേക്കു മൂടപ്പെട്ടിരുക്കുന്നു. എന്റെ മേലുള്ള അവസാന പ്രാർത്ഥനയും കഴിഞ്ഞു വേണ്ടപ്പെട്ടവർ ഓരോരുത്തരായി നടന്നകലുന്ന കാലൊച്ചകൾ എനിക്ക് കേൾക്കാമായിരുന്നു. തിരക്കുകളുടെ ലോകത്തേക്ക് അവർ നടന്നകലുമ്പോൾ ഇനി എനിക്കുകൂട്ടായ്‌ മണ്ണും എന്റെ ആ കബറിന് മുകളിൽ നാട്ടിയ മീസാൻകല്ലിനോട് ചേർന്നുനിൽക്കുന്ന മൈലാഞ്ചിച്ചെടിയും മാത്രം....


(ആയുസ്സും ആരോഗ്യവും സന്തോഷജീവിതവും നാമോരോരുത്തർക്കും പടച്ചോൻ കനിഞ്ഞു നൽകട്ടെ, ഖൽബിൽ നിറഞ്ഞു തുളുമ്പുന്ന മുഹബ്ബത്ത് പ്രിയപ്പെട്ടവർക്ക് മുന്തിരിചാറുപോലെ മധുരം നിറക്കട്ടെ,നാളെ മണ്മറഞ്ഞു പോയാലും അവരുടെ സ്നേഹം പ്രാർത്ഥനകളായ് നമ്മിൽ തൂവെളിച്ചം വിതറട്ടെ, എന്ന പ്രാർത്ഥനയോടെ )

സ്നേഹത്തോടെ ഷെമീർ തൊഴിയൂർ 😊

 
 
 

Comments


bottom of page