top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

മുക്രി മൂസയും അമ്മദാലികുട്ടിയും | ✍🏻കെ. വി. സൈദു മുഹമ്മദ്


അയൽവാസിയായിരുന്നു ഇബ്രാഹിക്ക. ഇബ്രാഹിക്കാടെ വീടിന്റെ മുറ്റത്ത് ഓലകൊണ്ട് മറച്ച ഒരു ചായക്കടയുണ്ടായിരുന്നു. അവിടെ കൃത്യമായി എല്ലാ ദിവസവും ചായ കുടിക്കാൻ വന്നിരുന്ന ആളായിരുന്നു അമ്മദാലിക്ക. വലിയ നാഴി ക്ലാസ്സിൽ ആയിരുന്നു അമ്മദാലിക്ക ചായ കുടിച്ചിരുന്നത്. എന്റെ കുട്ടിക്കാലത്ത് അവിടെവച്ചാണ് അമ്മദാലിക്കനെ ആദ്യമായി കാണുന്നത്. ആ ബന്ധം മരണംവരെ നിലനിന്നു. അമ്മദാലിക്ക പാടിയിരുന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളും ഞമനെങ്ങാട് മറപെട്ടു കിടക്കുന്ന ഏനികുടി മുസ്ലിയാരുടെ മാല പാട്ടിന്റെ വരികളുമാണ് അമ്മദാലികെയിലേക്ക് എന്നെ ആകർഷിച്ചിരുന്നത്.

    അമ്മദാലിക്കാനെ ഒരു പോഴത്തക്കാരനായിട്ടാണ് പലരും കണ്ടിരുന്നത്. അമ്മദാലിക്കാനെ പലരും കളിയാക്കിയിരുന്നു. അത് അമ്മദാലിക്ക മനസ്സിലാക്കുകയും ചെയ്തിരുന്നു അതിന് ഒരു ചിരി മാത്രമായിരുന്നു മറുപടി.

   ഫിത്‌ന, ഫസാദ്, ഗീബത്, നമീമത്ത് തുടങ്ങിയ കാര്യങ്ങളിൽ അമ്മദാലിക്ക പൂർണ മുക്തനായിരുന്നു.

   അമ്മദാലിക്ക നല്ല ഒരു വായനക്കാരനായിരുന്നു കിട്ടാവുന്ന ദിനപത്രങ്ങൾ അരിച്ചുപെറുക്കി വായിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും ലോക കാര്യങ്ങളും നന്നായി അറിയാമായിരുന്നു. ആലിമീങ്ങളോടും സയ്യിദന്മാരോടും വലിയ ബഹുമാനമായിരുന്നു. ചില മഹാന്മാരിൽ നിന്നുള്ള വിർദുകളും അമ്മദാലിക്ക പതിവാക്കിയിരുന്നു. ഉസ്താദ് സുലൈമാൻ ബാഖവിയുമായി വലിയ ബന്ധമായിരുന്നു. ഉസ്താദിന്റെ ദറ്സിൽ കൃത്യമായി പങ്കെടുത്തിരുന്നു.

   തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചുനിൽക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായ തൊഴിയൂരിൽ മുസ്ലിംലീഗിന്റെ  കമ്മറ്റി ഉണ്ടാക്കിയപ്പോൾ ഭീഷണികളെ വകവെക്കാതെ ലീഗിൽ സജീവമായിരുന്നു. മീറ്റിംഗ് കൂടുവാനുള്ള സ്ഥലവും അമ്മദാലിക്ക സൗകര്യം പെടുത്തി കൊടുത്തിരുന്നു. അമ്മദാലിക്കടെ വിവാഹത്തിന് അന്നത്തെ ഗുരുവായൂർ MLA. പി. കെ. കെ.ബാവ സാഹിബ് പങ്കെടുത്ത് വളരെ ആവേശത്തോടെയാണ് പറയാറുണ്ടായിരുന്നു.

   1977 ഡിസംബർ 18ന്ന് മമ്മിയൂർ L.F ൽ നടന്ന തൊഴിയൂർ യതീംഖാനാ ഇലക്ഷൻ വളരെ വാശിയേറിയ തെരഞ്ഞെടുപ്പ് ആയിരുന്നു.ഒരു ഭാഗത്ത് എം.കെ.എ. കുഞ്ഞഹമ്മദ് മുസ്ലിയാരും, വട്ടെക്കാട് മൊയ്തുണ്ണി ഹാജി, തൊയക്കാവ് എ.പി മൊയ്തീൻ ഹാജി, തുടങ്ങിയവരും. മറുഭാഗത്ത് മാളിയേക്കൽ മൊയ്തുട്ടി ഹാജി, മമ്മൂട്ടി ഹാജി കെ.കെ അബൂബക്കർ സാഹിബ്‌, എ.സി കുഞ്ഞിമോൻ ഹാജി, വി.എസ് കുഞ്ഞിമുഹമ്മദ് സാഹിബ് തുടങ്ങിയ പ്രമുഖരും ആയിരുന്നു.ഏറ്റവും കൂടുതൽ വോട്ടർ മാരുള്ള തൊഴിയൂരിൽ എം കെ ഉസ്താദിൻ വേണ്ടി ഇലക്ഷൻ വർക്ക് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. അന്ന് കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ചാവക്കാട് താലൂക് എസ്.എസ്.എഫ് സെക്രട്ടറിയായ ഈ കുറിപ്പ്കാരൻ. എം കെ ഉസ്താദുമായി ബന്ധപ്പെട്ട് തൊഴിയൂർലെ വോട്ടർമാരുടെ ലിസ്റ്റ് സംഘടിപ്പിച്ചു. എം.സി മൂസക്കാനെയും അമ്മാദാലിക്കാനെയും വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവർ രണ്ടുപേരും ഇലക്ഷൻ വർക്കിന് ഇറങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി വീട് വീടാന്തരം കയറിയിറങ്ങി ഇലക്ഷൻ വർക്ക് നടത്തി. നല്ല പ്രതികരെണമാണ് വോട്ടർമാരിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയത്.

     ഇലക്ഷൻ ദിവസം കാലത്ത് 8 മണിക്ക് മൊയ്ദുട്ടി ഹാജിയുടെ വീട്ടിൽ 300ൽ പരം വോട്ടർമാർ ഒരുമിച്ച് കൂടിയിരുന്നു. അപ്പോൾ കല്ലായി ഭാഗത്തുനിന്നും ഒരു മധ്യവയസ്സ്കൻ കയറിവന്നു. ഇന്നലെ രാത്രി എന്റെ വീട്ടിൽ മുക്രിമൂസയും അമ്മദാലികുട്ടിയും കണ്ണടവെച്ച ഒരു ചെക്കനും വന്നിരുന്നു. ഉസ്താദിന്റെ പാർട്ടിക്ക് വോട്ട് ചെയ്യാൻ പറഞ്ഞിട്ട്. അവർ വീട് വീടാന്തരം കയറിയിറങ്ങിയിട്ടുണ്ട്.

     ഇത് കേൾക്കേണ്ട താമസം സദസ്സിൽ നിന്ന് പല ശുജായികളും ചാടി എഴുന്നേറ്റു അവരെ തല്ലണം കൊല്ലണം എന്ന്  മുറിവിളി കൂടി. നല്ലവനായ ഹാജിക്ക അവരെ സമാധാനിപ്പിച്ചു. ഇലക്ഷൻ കഴിയുന്നതുവരെ ക്ഷമിക്കാൻ പറഞ്ഞു. റിസൾട്ട് വന്നു ഉസ്താദ് വിഭാഗം 313 വോട്ട് നേടി വിജയിച്ചപ്പോൾ മറുഭാഗം കേവലം 82 വോട്ടുകൾ നേടി ദയനിയമായി പരാജയപ്പെട്ടു.മറുഭാഗത്ത് എത്ര വലിയ പ്രമുഖരായാലും തനിക്ക് ശരിയാണെന്ന് തോന്നുന്നതിൽ അമ്മദാലിക്ക ഉറച്ചു നിന്നിരുന്നു.

    മുതഅല്ലിമുകൾക്ക് ഭക്ഷണം കൊടുക്കുക, പള്ളിയില് വരുന്ന അതിഥികളെ സൽക്കരിക്കുക, ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, മരണവീട് സന്ദർശിക്കുക, രോഗികളെ സന്ദർശിക്കുക, കുടുംബ ബന്ധം ചേർക്കുക ഇതെല്ലാം അമ്മദാലിക്കയുടെ സ്ഥിരം പതിവായിരുന്നു. അമ്മദാലികാക്ക് ആരോടും പകയും വിദ്വേഷവും ഇല്ല. അമ്മദാലിക്ക തികച്ചും ഒരു സാത്വികനായിരുന്നു.

     തൊഴിയൂർ ഖാജാ ഫൗണ്ടേഷന്റെ റബിഉൽ അവ്വൽ ക്യാമ്പയിന്റെ ഭാഗമായി വയോജനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ അമ്മദാലിക്കയുടെ വീട്ടിൽ ചെന്നപ്പോൾ ഞങ്ങളെ വളരെ സന്തോഷത്തോടെയാണ് അമ്മദാലിക്ക സ്വീകരിച്ചത്. ആദരവ് കഴിഞ്ഞ് സന്തോഷത്തോടെ ആലിംഗനം ചെയ്ത് പിരിഞ്ഞതായിരുന്നു.

     ഒക്ടോബർ 14ന് ശനിയാഴ്ച കാലത്ത് കേരള സുന്നി ജമാഅത്തിന്റെ മീലാദ് സമാപന സമ്മേളനത്തിൽ വച്ചാണ് അമ്മദാലിക്കയുടെ മരണവാർത്തയറിഞ്ഞത്. സദസ്സിൽ വച്ച് സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി അമ്മദാലികക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്തു.പ്രിയസുഹൃത്തിന്റെ കബർ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ. ആമീൻ...


 
 
 

Comments


bottom of page