top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

അറക്കൽ കുഞ്ഞഹമ്മദ് സാഹിബ് [IAS] | ✍🏻#അലി മാണിക്കത്ത്‌

കേരളത്തിന്റെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും തന്നെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു മഹത്‌ വ്യക്തിത്വത്തെയാണ്‌ ഇന്ന് പരിചയപ്പെടുത്തുന്നത്...


കേരളത്തിന്റെ  തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയുടെ പ്രഥമ കളക്ടർ ആയി അധികാരമേറ്റത് നമ്മുടെ നാട്ടിൽ നിന്നുള്ള ജനാബ് അറക്കൽ കുഞ്ഞഹമ്മദ് സാഹിബ് [IAS] ആയിരുന്നു എന്നത് വളരെ അഭിമാനത്തോടെയും തെല്ല് അതിശയത്തോടെയുമല്ലാതെ ഓർക്കാനാവില്ല..!


കേരള സംസ്ഥാനം നിലവിൽ വരുന്നതിന് ഏതാണ്ട് ഒരു മാസം മുൻപ്, 1956 ഒക്ടോബറിൽ ഗവർണർ ഭരണത്തിന്  കീഴിലാണ് അദ്ദേഹം കളക്ടർ ആയി  ചാർജ്ജെടുത്തത്.ശേഷം,നവംബർ 1ന് സംസ്ഥാന രൂപീകരണം നടക്കുകയും, തിരഞ്ഞെടുപ്പിലൂടെ E M ശങ്കരൻ നമ്പൂതിരിപ്പാടിന്റെ(EMS) നേതൃത്വത്തിൽ ആദ്യ മന്ത്രിസഭ നിലവിൽ വന്നപ്പോൾ തിരുവനതപുരം ജില്ലാ കളക്ടർ ആയി തുടരുകയും ചെയ്തു...


ഇന്ന് തൊഴിയൂരിന്റെ കിഴക്കേ അറ്റത്ത്,അഞ്ഞൂർ സിദ്ധീഖ്‌ നമസ്കാരപ്പള്ളിക്ക് സമീപം താമസിച്ചു വരുന്ന, പാലേമാവ് മഹല്ല് ജനറൽ സിക്രട്ടറി കൂടിയായ അറക്കൽ ഷാഫി(കല്ലായിൽ), സിയാദ് എന്നിവരുടെ പിതാമഹനും, അറക്കൽ അബ്ദുൽ ഖാദർ എന്നവരുടെ പിതാവുമായിരുന്നു കുഞ്ഞഹമ്മദ് സാഹിബ്. ചമ്മനൂർ അറക്കൽ ബാപ്പു എന്ന അഹമ്മദ് കുട്ടിയുടെയും  വീട്ടിപ്പറമ്പിൽ ഉമ്മാച്ചുകുട്ടി എന്നവരുടെയും മകനായി 1907ൽ പുന്നയൂർക്കുളം പഞ്ചായത്തിലെ ചമ്മനൂരിലാണ് അദ്ദേഹം ജനിച്ചത്.


ചാവക്കാട് ഗവണ്മെന്റ് സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയെടുത്ത്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെത്തുകയും അവിടെ നിന്ന്

പ്രി യൂണിവേഴ്സിറ്റി കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. പഠനത്തിൽ അതീവ തല്പരനായിരുന്ന, മിടുക്കനായ കുഞ്ഞഹമ്മദ്‌ ഉപരി പഠനത്തിനായി, അക്കാലത്ത്‌ പ്രശസ്തമായ മദ്രാസ് ലയോള കോളേജിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് BA ഡിഗ്രി കരസ്ഥമാക്കിയത്.   


തൊഴിയൂർ, പാലേമാവ് മഹല്ല് പരിധിയിലുള്ള അഞ്ഞൂർ- സിദ്ധീഖ് നമസ്കാരപ്പള്ളിക്കടുത്ത്‌ കല്ലായിൽ മരക്കാർ എന്നവരുടെയും തന്റെ പിതൃ സഹോദരിയുടെയും ഒറ്റമകളായ അറക്കൽ ഇയ്യാത്തുക്കുട്ടി എന്നവരെ ജീവിത പങ്കാളിയാക്കിയ അദ്ദേഹം, പിൽക്കാലത്ത്‌ തൊഴിയൂരിൽ സ്ഥിര താമസമാക്കുകയായിരുന്നു...


ആദ്യമായി ജോലിയിൽ പ്രവേശിച്ചത്,ബ്രിട്ടീഷ് ഗവൺമെന്റിന് കീഴിൽ  മജിസ്‌ട്രേട്ട്‌ ആയിട്ടായിരുന്നു...ഏൽപ്പിക്കപ്പെട്ട ജോലിയിലുള്ള  അർപ്പണ ബോധവും, കഴിവും ബോധ്യപ്പെട്ട ബ്രിട്ടീഷ് മേധാവികൾ,അദ്ദേഹത്തെ 

മലബാറിൽ ആദ്യമായി റേഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള  സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു.

1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക്‌ ശേഷം മദ്രാസ് സ്റ്റേറ്റിലും ആന്ധ്രാ സ്റ്റേറ്റിലും പലയിടത്തതായി ജോലിയിൽ തുടർന്നു...


1952ൽ IAS ലഭിച്ചപ്പോൾ  മദ്രാസ് സ്റ്റേറ്റിൽ കളക്ടറായി പ്രമോഷൻ ലഭിച്ച കുഞ്ഞഹമ്മദ് സാഹിബ്, ആന്ധ്രയിലെ കടപ്പ എന്ന പ്രദേശത്തിന്റെ കളക്ടർ ആയി സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തിലാണ് കേരള സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി 1956 ൽ കേരളത്തിലേക്ക് മടങ്ങുന്നത്...


മതസൗഹാർദ്ധത്തിന് അങ്ങേയറ്റം പ്രാധാന്യം കല്പിച്ചിരുന്ന കുഞ്ഞഹമ്മദ് സാഹിബ്, സർവീസിലിരുന്ന കാലത്ത് ജാതിമത ഭേദമന്യേ ഒട്ടേറെ പേർക്ക് ജോലി നൽകി സഹായിച്ചു എന്നതും, തൊഴിയൂർ സെന്റ് ജോർജ്ജസ്' സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയർത്തിയതുമെല്ലാം അദ്ദേഹം നമ്മുടെ നാടിന് സമർപ്പിച്ചിട്ടുള്ള   സംഭാവനകളിൽ ചിലത് മാത്രമാണ്...അന്നത്തെ 'തൊഴിയൂർ സഭയുടെ' ബിഷപ്പുമായി വളരെ ആത്മബന്ധം പുലർത്തിയിരുന്നു...


പ്രദേശത്ത്‌ ആദ്യമായി കാർ എത്തിയത് കളക്ടറുടെ വീട്ടിലാണ്...പഴയ അഞ്ഞൂർ ആശുപത്രി മുതൽ അദ്ധേഹത്തിന്റേ വീട്ടിലേക്കുള്ള റോഡ്, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വകയായി നിർമ്മിച്ചു കൊടുക്കുകയായിരുന്നു...


മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ കളക്ടർ കൂടിയായിരുന്ന അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കാൻ പത്ത് വർഷം കൂടി ബാക്കി നിൽക്കേ, 1957ൽ തിരുവനന്തപുരം ജില്ലാ കളക്ടർ‌ പദവിയിലിരുന്നു കൊണ്ട്, തന്റെ അമ്പതാം വയസ്സിൽ ഇഹലോക വാസം വെടിഞ്ഞു...


ആംബുലൻസ് മാർഗ്ഗം ജന്മനാട്ടിൽ എത്തിച്ച ജനാസ, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ  ചമ്മനൂർ പള്ളി ഖബറിസ്ഥാനിൽ മറവു ചെയ്തു...


 മുൻ കോഴിക്കോട് ജില്ലാ മജിസ്‌ട്രേട്ട്‌ ആയിരുന്ന എ അബ്ദുള്ളക്കുട്ടി(LATE), സെക്രട്ടറിയേറ്റിൽ എംപ്ലോയ്‌മെന്റ് ഡയറക്ടർ ആയിരുന്ന എ അബൂബക്കർ (LATE) എന്നിവർ സഹോദരന്മാരാണ്.അറക്കൽ മുഹമ്മദ് ഹുസ്സൈൻ(LATE), അറക്കൽ അബ്ദുൽ ഖാദർ(LATE) എന്നിവർ മക്കളും, മുഹമ്മദ്‌,അബ്ദുൽ സലാം,സുഹറാബി, ആമിനാബി, സൈറ, ഷാഫി, സിയാദ്‌ എന്നിവർ ചെറുമക്കളുമാണ്‌.


അദ്ദേഹത്തോടുള്ള ആദര സൂചകമായി,പഴയ അഞ്ഞൂർ ഹോസ്പിറ്റലിന് പിൻവശത്തു കൂടി പിള്ളക്കാട്ടേക്കുള്ള റോഡ് അറിയപ്പെടുന്നത് "കളക്ടർ കുഞ്ഞഹമ്മദ് സാഹിബ് റോഡ്" എന്നാണ്.


അമ്പതിൽപരം വർഷങ്ങൾക്ക് മുൻപ്, ഇന്ന് കാണുന്ന ഒരുവിധ സുഖസൗകര്യങ്ങളും ഇല്ലാത്ത കാലത്ത്‌,സ്വന്തം കഴിവും പ്രയത്നവും കൈമുതലാക്കി അദ്ദേഹം നേടിയെടുത്ത ഈ നേട്ടങ്ങളും വിജയങ്ങളും നമുക്കും ഇനി വരാനിരിക്കുന്ന തലമുറക്കും മാതൃകയാണ്...


പരലോക ജീവിതത്തിലും അദ്ദേഹത്തിന് ഉന്നതമായ സ്ഥാനമാനങ്ങൾ നൽകി നാഥൻ അനുഗ്രഹിക്കുമാറാകട്ടെ...



 
 
 

1 Comment


ഇങ്ങിനെ ഒരു വിവരണം നൽകിയതിന് അലി മാണിക്യത്തിനോട് നന്ദി

Like
bottom of page